Thursday, March 29, 2007

മഞ്ഞിന്റെ ആത്മാവിലൂടെ...


ആര്‍ദ്രമായി എന്നെ അലസോരപ്പെടുത്തുന്ന ഒരു മഞ്ഞുതുള്ളിയായിരുന്നു നീയെന്ന് തിരിച്ചറിയാന്‍ എത്ര ദൂരം എനിക്ക് സഞ്ചരിക്കേണ്ടി വന്നു! ഒരിക്കല്‍ പോലും ചോദിക്കാതെ അരികത്തു വന്ന സൂര്യരശ്മികളില്‍ ഉരുകി ഇല്ലാതാവുമ്പോഴും,നിന്റെ ചുണ്ടിലെ പുഞ്ചിരി എന്നെ തെല്ലൊന്ന് ഭീതിപ്പെടുത്തി.

മഴയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെട്ടതും, സ്നേഹിച്ചതും നിന്നെയായിരുന്നു.ശിശിരകാലത്തിന്റെ രോദനങ്ങളിലും നിന്റെ കിനാവുകളില്‍ ഞാന്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. വേനലിനെ നീയെന്നും ഭയപ്പെട്ടുകൊണ്ടിരുന്നു, എങ്കിലും ആത്മാവിനെ കട്ടെടുക്കുമ്പോഴും പുഞ്ചിരിക്കാനായിരുന്നു നിനക്കിഷ്ടം.

ഒരിക്കല്‍ നിനക്കു ഞാന്‍ പ്രണയമെന്നു പേരിട്ടു..പിന്നെ സൌഹൃദമെന്നും..ഒടുവില്‍ വിരഹമെന്നു വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നൊമ്പരമായി എന്റെ മനസ്സും തട്ടിപ്പറിച്ചു നീ കടന്നു കളഞ്ഞു. നീ വെറും മഞ്ഞായിരുന്നു, എന്നെയും,നിന്നെയും വേര്‍പ്പെടുത്തി,കാഴ്ചകളില്‍ നിന്നും മറച്ച മഞ്ഞ്.

മഞ്ഞിന്റെ ആന്തരികതയില്‍ നിന്നു ഞാന്‍ തൊട്ടെടുത്ത തണുപ്പിനെ നിനക്ക് തന്നെ തിരിച്ച് നല്‍കുന്നു..മിഴികളില്‍ നിന്ന് ഇറ്റ്വീണു കൊണ്ടിരിക്കുന്ന സ്ഫടികതുള്ളികളില്‍ കാണുന്ന പ്രതിഛാ‍യകളില്‍ നിന്നു ഞാനറിയാതെ പോയത് ഒന്നു മാത്രമാണ്. മഞ്ഞ് എന്റെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന ‍അര്‍ബുദമായിരുന്നു.. വേര്‍പ്പെടുമെന്നറിഞ്ഞിട്ടും ഞാന്‍ കാത്തുവച്ച സ്നേഹത്തിന്റെ അവസാനിക്കാത്ത മര്‍മ്മരവും.....